കൊച്ചി: മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും മുത്തൂറ്റ് ഫിനാന്‍സ് ബിസിനസ് പെര്‍ഫോർമന്‍സ് (സൗത്ത്) മുന്‍ ചീഫ് ജനറല്‍ മാനേജരുമായ രഞ്ജിത് കുമാര്‍ രാമചന്ദ്രനു വിദേശയാത്ര നടത്തുന്നതില്‍ അനുമതി നിഷേധിച്ച് കോടതി.
ഫ്രാന്‍സില്‍ നടക്കുന്ന ആഗോള ലീഡര്‍ഷിപ്പ് സംരംഭത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി അനുമതി തേടിയുള്ള രഞ്ജിത് കുമാറിന്റെ അപേക്ഷ ഇക്കണോമിക് ഒഫന്‍സസ് അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു തള്ളിയത്. പാസ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനായി പ്രതി സമര്‍പ്പിച്ച മറ്റൊരു അപേക്ഷയും കോടതി നിരസിച്ചു.
പ്രോസിക്യൂഷന് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരനെതിരേയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പാസ്പോര്‍ട്ട് വിട്ടുനല്‍കിയാല്‍ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്തേക്കു മാറ്റിയോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
2023 ഏപ്രില്‍ മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലാണ് ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി വകയിരുത്തിയ 11.92 കോടി രൂപയില്‍ തിരിമറി നടത്തി കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.